Monday, September 7, 2009

“കാരീന”

സീന്‍ :1

ഒരു വീടിന്‍റെ പിന്‍‌വശം.പുതിയതായി പണിത വീടാണ്.ചുമട്ടുകാര്‍ സാധനങ്ങള്‍ വീടിന്‍റെ പിന്‍ഭാഗത്ത് കൊണ്ടുവന്ന് വയ്ക്കുന്നു.വലിയ വലിയ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ വീട്ടുസാമാനങ്ങള്‍ കുത്തിനിറച്ചിരിക്കുന്നു.

“അകത്തേക്കു വെയ്ക്കണാ സാറെ?”-കൂട്ടത്തില്‍ നേതാവെന്നു തോന്നിക്കുന്ന ആള്‍ ചോദിച്ചു.

“ഏയ് അതൊന്നും വേണ്ട .ഇതൊക്കെ അടുക്കിപെറുക്കിയിട്ട് വേണം അകത്തേക്കു കയറ്റാന്‍.നിങ്ങളതു അവിടെ ഒതുക്കി വെച്ചാല്‍ മതി”.

എല്ലാം ഇറക്കിയതിനു ശേഷം അവര്‍ ഗൃഹനാഥന്‍റെ അടുത്ത് വന്നു പതുങ്ങി തല ചൊറിഞ്ഞു നിന്നു.കൂലി ചോദിക്കുന്നു.ഗൃഹനാഥന്‍ തര്‍ക്കിക്കുന്നു.അവസാനം കൂലി കൊടുക്കുന്നു.പ്രതീക്ഷിച്ച കൂലി കിട്ടിയ സന്തോഷത്തില്‍ അവര്‍ തിരിച്ച് പോകുന്നു.

സീന്‍:2

കാഴ്ചയില്‍ മുപ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ രംഗപ്രവേശം ചെയ്യുന്നു.ഗൃഹനാഥയാണ്.

“എത്ര കൊടുത്തു?”-ഗൃഹനാഥ

“തരക്കേടില്ലതെ കൊടുത്തു“-ഗൃഹനാഥന്‍

“ഇനീപ്പൊ എന്താ ചിയ്യാന്‍ പോണേ“-ഗൃഹനാഥ

“നമുക്ക് ഇതിലാവശ്യമില്ലാത്തതൊക്കെ കളയാം.വെറുതേ നെഗറ്റീവ് എനര്‍ജിയുണ്ടാക്കാമെന്നല്ലാതെ ഒരുപകാരവുമില്ല.”-ഗൃഹനാഥന്‍

“എന്നാ ഞാന്‍ പൂ‌വ്വാ,എനിക്കു ഇതൊക്കെ ആവശ്യള്ളതായിട്ടേ തോന്നൂ“.-ഗൃഹനാഥ

“അങ്ങനെ പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കണ്ട,വന്നെന്നെ സഹായിക്ക്“-ഗൃഹനാഥന്‍

രണ്ടുപേരും കൂടി എല്ലാ സാധനങ്ങളും ഒതുക്കി എടുത്ത് വെക്കുന്നു.ആവശ്യമില്ലാത്തത് തീ കത്തിച്ച് കളയുന്നു.

“നാളെ ഒരു ത്മിഴന്‍ പയ്യനോട് വെരാന്‍ പറഞ്ഞിട്ടുണ്ട്.അവനോട് ഇതെല്ലാം മുകളില്‍ കേറ്റാന്‍ പറയാം.മഴ വെരാതിരുന്നാല്‍ മതിയായിരുന്നു.മഴ പെയ്താല്‍ ഇതെല്ലാം നനയും“-ഗൃഹനാഥന്‍.

“അതേയ്, ഞാന്‍ പോയി അത്താഴം എടുത്ത് വെക്കാം.വേഗം കുളിച്ചിട്ട് വെരൂ.വേഗം കിടന്നുറങ്ങാം“-ഗൃഹനാഥ.

സീന്‍:3

പാതിരാത്രി സമയം.തെരുവു വിളക്കുകള്‍ പ്രകാശിക്കുന്നു.വീട്ടിലെല്ലാവരും ഉറങ്ങി.വീടിന്‍റെ പിന്‍‌വശത്തെ തെങ്ങിന്‍ തടത്തില്‍ രണ്ട് എലികള്‍.വീട്ടമ്മ കളഞ്ഞ അവശിഷ്ടങ്ങള്‍ തിന്നു കൊണ്ടിരിക്കുന്നു.ഒരു പൂച്ചയുടെ കരച്ചില്‍ കേള്‍ക്കുന്നു.ങ്ങ്യാവൂ,ങ്ങ്യാവൂ….

“കാരീനാ ഓടിക്കോ നിന്നെ വെച്ച് പടം പിടിച്ച് കുത്തുപാളയെടുത്ത നിര്‍മ്മാതാവ് പൂച്ച വരുന്നുണ്ട്”-സൈഫെലിഖാന്‍ കരീനയുടെ കൈ പിടിച്ച് കണ്ട് പറഞ്ഞു.

കാരീനയും സൈഫെലിയും ഓടി അവിടെയിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയിലൊളിച്ചു.

സീന്‍:4

പെട്ടിക്കുള്‍‌വശം [ക്ലോസപ്പ് ഷോട്].കാരീന പേടിച്ചരണ്ട് നില്ക്കുന്നു.അവള്‍ വല്ലാതെ കിതക്കുന്നുണ്ട്.സൈഫെലിയും തളര്ന്നിരിക്കുന്നു.അവര്‍ പരസ്പരം നോക്കുന്നു.സൈഫെലിയുടെ കണ്ണുകളില്‍ നോക്കാന്‍ കഴിയാതെ കാരീന കണ്ണുകള്‍ താഴ്ത്തി നാണിച്ച് നില്ക്കുന്നു.സൈഫെലി കാരീനയെ തൊടാന്‍ മുന്നോട്ട് വരൂന്നു.അവള്‍ ഓടി മാറുന്നു.അവരുടെ പ്രണയരംഗം.[ഏതെങ്ങിലും വിദേശരാജ്യത്ത് റോഡിലൂടെ പാട്ടും ദേഹത്ത് ഉറുമ്പ് കടിച്ച പോലത്തെ നൃത്തവും കോറിയോഗ്രഫി എന്ന ഓമനപ്പേരിട്ട് ഷൂട്ട് ചെയ്തെടുക്കാവുന്നതാണ്.]

സീന്‍:5

പാട്ട് രംഗം കഴിഞ്ഞു.കാരീനയും സൈഫെലിയും കെട്ടിപിടിച്ചുകൊണ്ട് നില്ക്കുന്നു.

“സൈഫെലിയേട്ടാ, അങ്ങെന്നെ എത്ര മാത്രം സ്നേഹിക്കുന്നു?”

“കരീന എന്‍റെ മാത്രം കരീന, ഞാന്‍ നിന്നെ എന്‍റെ ജീവനേക്കാളേറേ സ്നേഹിക്കുന്നു.എന്‍റെ ഈ കരിഞ്ഞ കൈകളിലേക്കു നോക്കൂ,നിന്‍റെ പേര് കാണുന്നനല്ലേ?”

“നമ്മള്‍ എപ്പോഴാണ് വിവാഹിതരാവുന്നത്?”

“എന്‍റെ വീട്ടുകാര്‍ സമ്മതിച്ചാലുടന്‍.സമയമെടുത്താലും അവരുടെ ഇഷ്ടത്തോടെ നമ്മുടെ വിവാഹം നടത്തണമെന്നാണ് എന്‍റെ ആഗ്രഹം” .

കാരീനയുടെ മുഖം ക്ലോസപ് ഷോട്.അവളുടെ ആത്മഗതം-”ഇവന്‍റെ വീട്ടുകാര്‍ സമ്മതിച്ച് എപ്പൊ കല്യാണം നടക്കാനാണാവൊ?ഇവന്‍റെ സ്വത്ത് മുഴുവന്‍ കരണ്ട് വിളയാടാം എന്നു വിചാരിച്ചാ മുടിഞ്ഞ തള്ളയും തന്തയും!!1ഇവനെ വിട്ട് ഗുണമുള്ള വല്ലവനേയും പിടിക്കുകയേ രക്ഷയുള്ളൂ.ഇമ്രാന്‍ എലിയെ പാട്ടിലാക്കിയാലോ,അവന്‍റെ ‘ജാനേ തൂ ‘ഹിറ്റാണല്ലോ.അവന്‍റെ കൂടെ പോയി രണ്ട് പടം ഹിറ്റായാല്‍ എലിവുഡ് താരറാണിയാകാം”

“കാരീന നീ എന്താ ആലൊചിക്കുന്നത് ?”

ചിന്തയില്‍ നിന്നുണര്ന്നു-”എന്നെ ഒരു നിര്‍മ്മാതാവ് കാണാന്‍ വരുമെന്നു പറഞ്ഞിട്ടുണ്ട് ഞാന്‍ കണ്ടിട്ട് വരാം.സൈഫെലി-ഞാനും വെരാം”.

“വെണ്ടാ നീ വന്നാല്‍ നിനക്കും ചാന്സ് തരണമെന്നു വിചാരിച്ച് അയാള്‍ പോയലോ?ഞാന്‍ വേഗം വരാം.അതുവരെ നീ എവിടേയും പോകണ്ടാ, ആ ഷാഹിദ് എലി നിന്നെ തപ്പി നടക്കുന്നുണ്ട്“.കാരീന പുറത്തേക്കു പോകുന്നു.

സീന്‍:6

ഇത്രയും ആയപ്പോഴെക്കും നേരം വെളുത്തു.സൈഫെലി പെട്ടിയുടെ ഉള്ളില്‍ പെട്ടു.പുറത്തിറങ്ങിയാല്‍ വീട്ടുകാര്‍ തല്ലിക്കൊന്നാലോ എന്ന് പേടിച്ച് വിറച്ച് അതിനുള്ളില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു.അവന്‍ തക്ക സമയത്ത് രക്ഷപെട്ട കാരീനയെ ഓര്ത്ത് അതിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നട്ന്ന് സമയം കളഞ്ഞു.പെട്ടിയുടെയുള്ളില്‍ അനക്കം ഉണ്ടെന്നു സംശയിച്ച് പണിക്കാര്‍ പെട്ടിയില്‍ തട്ടി നോക്കി.അതോടെ സൈഫെലിയുടെ അവസ്ഥ വളരെ പരിതാപകരമായി.

സീന്‍:7

തമിഴന്‍ പയ്യന്‍ വരുന്നു.പെട്ടിയെടുത്ത് മുകളില്‍ കൊണ്ടു വെക്കാന്‍ പറഞ്ഞതനുസരിച്ച് ഓരോരോ പെട്ടികളായി മുകളിലേക്ക് പോകുന്നു.അവസാനം സൈഫെലിയുടെ പെട്ടിയും.അകത്ത് സൈഫെലിയുടെ ഹൃദയമിടിപ്പ് ഉയരുന്നു.ഇരുട്ട് മാത്രമുള്ള ഒരു അറയില്‍ തമിഴന്‍ പെട്ടി വെക്കുന്നു.

സീന്‍:8

രാത്രി,വീട്ടുകാര്‍ ഉറങ്ങാന്‍ കിടക്കുന്നു.ലൈറ്റുകള്‍ അണയുന്നു.എങ്ങും നിശ്ശബ്ദ്ധത.ഇരുട്ട് മാത്രം കാണുന്നു,സൂക്ഷിച്ച് നോക്കുമ്പോള്‍ തിളങ്ങുന്ന രണ്ട് കണ്ണുകള്‍.അത് സൈഫെലിയുടേതാണ്.പെട്ടിക്കുള്ളില്‍ സൈഫെലി പരക്കം പായുന്നു.പെട്ടിയുടെ ഒരു വശം തുരന്നു പുറത്തിരങ്ങുന്നു.എങ്ങും ഇരുട്ട് മാത്രം .അവനു ശ്വാസം മുട്ടുന്നു.ഭക്ഷണമില്ലായ്മയുടെ തളര്‍ച്ചയും ഉറക്കമില്ലായ്മയും മൂലം അവന്‍ ആകെ ക്ഷീണിച്ചിരിക്കുന്നു.അവന്‍ എല്ലാ സ്ഥലവും മണത്തു നോക്കി,ഒരു വാതില്‍ കണ്ടു.അതു തുരക്കുകയേ ഇവിടന്നു രക്ഷപ്പെടാനുള്ള വഴിയുള്ളൂ.അവന്‍ കരണ്ട് തുടങ്ങി.

അതേസമയം വെള്ളം കുടിക്കാന്‍ എഴുന്നേറ്റ് ഗൃഹനാഥന്‍ കരണ്ടുന്ന ശബ്ദം കേള്‍ക്കുന്നു.അയാള്‍ കള്ളന്മാര്‍ തുരക്കുകയാവും എന്നു പേടിച്ചു.പരിസരനിരീക്ഷണത്തിലൂടെ കള്ളന്മാര്‍ അല്ലെന്നു മനസിലാക്കി.അയാള്‍ ഉറങ്ങാന്‍ കിടന്നു.പക്ഷെ വീണ്ടും ശബ്ദം.അയാള്‍ മുന്‍‌വശത്തെ ജനലില്‍ കൂടി പുറത്തേയ്ക്കു നോക്കുന്നു.വാച്മാന്‍ ഗേയ്റ്റിനു മുന്നില്‍ തന്നെ ഇരിപ്പുണ്ട്.അയാള്‍ ആശ്വാസത്തോടെ ഉറങ്ങാന്‍ പോയി. പിന്നേയും ശബ്ദം.അയാള്‍ വാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങി.വാച്മാനെ വിളിച്ചു.അവര്‍ രണ്ടു പേരും വീടിനു ചുറ്റും ടോര്‍ച് അടിച്ച് നോക്കുന്നു.ഒന്നും കാണുന്നില്ല.ഗൃഹനാഥന്‍-മുകളില്‍ പോയി നോക്കാം.കോണിപ്പടികള്‍ കയറും തോറും ശബ്ദം കൂടിക്കൂടി വന്നു.മുകളിലെ കിടപ്പുമുറിയില്‍ നിന്നാണ് ശബ്ദം എന്നു മനസ്സിലായി.അവര്‍ ജനലില്‍ കൂടി അകത്തേയ്ക്കു നോക്കി.അതേ സമയത്ത് തന്നെ സൈഫെലിയും അറയുടെ വാതില്‍ തുരന്ന് പുരത്തേയ്ക്കിറങ്ങി.

“ങ്ങാഹാ ഇവനായിരുന്നോ?മനുഷ്യന്‍റെ ഉറക്കം കളയാനായിട്ട്,നാശം!ഇന്നിവനെ ശരിയാക്കീട്ട്ള്ള കാര്യേയുള്ളൂ“.അയാള്‍ എലിയെ അടിക്കാനായി എന്തെങ്കിലും ഉണ്ടോ എന്നു തിരഞ്ഞു.കൈയില്‍ കിട്ടിയതു ബുക്ക് ഷെല്ഫില്‍ നിന്നും ഡിക്ഷണറിയാണ്.അയാള്‍ വാതില്‍ തുറന്ന് അകത്തേയ്ക്ക് കയറി.വാതില്‍ തുറന്നു അകത്ത് കയറിയ ഗൃഹനാഥനെ കണ്ട് സൈഫെലി പേടിച്ച് വിറയ്ക്കുന്നു.അവന്‍ സ്വരക്ഷയ്ക്കായി ഒരു മൂലയിലേക്കു പതുങ്ങുന്നു.ഗൃഹനാഥന്‍ ഡിക്ഷണറി സര്‍‌വശക്തിയുമെടുത്ത് സൈഫെലിയുടെ ദേഹത്തേയ്ക്കെറിഞ്ഞു.സൈഫെലി തല്ക്ഷണം പിടഞ്ഞു മരിച്ചു.ഗൃഹനാഥന്‍ വാച്മാനോട് ചത്ത എലിയെ കളയാന്‍ പറയുന്നു.അയാള്‍ എലിയെ എടുത്ത് കൊണ്ടു പോകുന്നു.

സീന്‍:9

വാച്മാന്‍ സൈഫെലിയെ വീടിനു പുറകിലെ ആള്താമസമില്ലാത്ത പറമ്പിലേയ്ക്കെറിയുന്നു.അപ്പോള്‍ അവിടെ ഒരു വശത്ത് കാരീനയുടെ ചിരി കേള്‍ക്കുന്നു.ഇരുട്ടിലേക്ക് നീളുന്ന ക്യാമറ കണ്ണുകള്‍.സഞ്ജയ് ബന്സെലിയുടെ കൂടെയിരുന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നുന്ന കാരീനയുടെ ചിരിയുടെ മുഴക്കത്തോടെ സിനിമ അവസാനിക്കുന്നു.

ശുഭം

No comments:

Post a Comment