Monday, September 7, 2009

“കാരീന”

സീന്‍ :1

ഒരു വീടിന്‍റെ പിന്‍‌വശം.പുതിയതായി പണിത വീടാണ്.ചുമട്ടുകാര്‍ സാധനങ്ങള്‍ വീടിന്‍റെ പിന്‍ഭാഗത്ത് കൊണ്ടുവന്ന് വയ്ക്കുന്നു.വലിയ വലിയ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ വീട്ടുസാമാനങ്ങള്‍ കുത്തിനിറച്ചിരിക്കുന്നു.

“അകത്തേക്കു വെയ്ക്കണാ സാറെ?”-കൂട്ടത്തില്‍ നേതാവെന്നു തോന്നിക്കുന്ന ആള്‍ ചോദിച്ചു.

“ഏയ് അതൊന്നും വേണ്ട .ഇതൊക്കെ അടുക്കിപെറുക്കിയിട്ട് വേണം അകത്തേക്കു കയറ്റാന്‍.നിങ്ങളതു അവിടെ ഒതുക്കി വെച്ചാല്‍ മതി”.

എല്ലാം ഇറക്കിയതിനു ശേഷം അവര്‍ ഗൃഹനാഥന്‍റെ അടുത്ത് വന്നു പതുങ്ങി തല ചൊറിഞ്ഞു നിന്നു.കൂലി ചോദിക്കുന്നു.ഗൃഹനാഥന്‍ തര്‍ക്കിക്കുന്നു.അവസാനം കൂലി കൊടുക്കുന്നു.പ്രതീക്ഷിച്ച കൂലി കിട്ടിയ സന്തോഷത്തില്‍ അവര്‍ തിരിച്ച് പോകുന്നു.

സീന്‍:2

കാഴ്ചയില്‍ മുപ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ രംഗപ്രവേശം ചെയ്യുന്നു.ഗൃഹനാഥയാണ്.

“എത്ര കൊടുത്തു?”-ഗൃഹനാഥ

“തരക്കേടില്ലതെ കൊടുത്തു“-ഗൃഹനാഥന്‍

“ഇനീപ്പൊ എന്താ ചിയ്യാന്‍ പോണേ“-ഗൃഹനാഥ

“നമുക്ക് ഇതിലാവശ്യമില്ലാത്തതൊക്കെ കളയാം.വെറുതേ നെഗറ്റീവ് എനര്‍ജിയുണ്ടാക്കാമെന്നല്ലാതെ ഒരുപകാരവുമില്ല.”-ഗൃഹനാഥന്‍

“എന്നാ ഞാന്‍ പൂ‌വ്വാ,എനിക്കു ഇതൊക്കെ ആവശ്യള്ളതായിട്ടേ തോന്നൂ“.-ഗൃഹനാഥ

“അങ്ങനെ പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കണ്ട,വന്നെന്നെ സഹായിക്ക്“-ഗൃഹനാഥന്‍

രണ്ടുപേരും കൂടി എല്ലാ സാധനങ്ങളും ഒതുക്കി എടുത്ത് വെക്കുന്നു.ആവശ്യമില്ലാത്തത് തീ കത്തിച്ച് കളയുന്നു.

“നാളെ ഒരു ത്മിഴന്‍ പയ്യനോട് വെരാന്‍ പറഞ്ഞിട്ടുണ്ട്.അവനോട് ഇതെല്ലാം മുകളില്‍ കേറ്റാന്‍ പറയാം.മഴ വെരാതിരുന്നാല്‍ മതിയായിരുന്നു.മഴ പെയ്താല്‍ ഇതെല്ലാം നനയും“-ഗൃഹനാഥന്‍.

“അതേയ്, ഞാന്‍ പോയി അത്താഴം എടുത്ത് വെക്കാം.വേഗം കുളിച്ചിട്ട് വെരൂ.വേഗം കിടന്നുറങ്ങാം“-ഗൃഹനാഥ.

സീന്‍:3

പാതിരാത്രി സമയം.തെരുവു വിളക്കുകള്‍ പ്രകാശിക്കുന്നു.വീട്ടിലെല്ലാവരും ഉറങ്ങി.വീടിന്‍റെ പിന്‍‌വശത്തെ തെങ്ങിന്‍ തടത്തില്‍ രണ്ട് എലികള്‍.വീട്ടമ്മ കളഞ്ഞ അവശിഷ്ടങ്ങള്‍ തിന്നു കൊണ്ടിരിക്കുന്നു.ഒരു പൂച്ചയുടെ കരച്ചില്‍ കേള്‍ക്കുന്നു.ങ്ങ്യാവൂ,ങ്ങ്യാവൂ….

“കാരീനാ ഓടിക്കോ നിന്നെ വെച്ച് പടം പിടിച്ച് കുത്തുപാളയെടുത്ത നിര്‍മ്മാതാവ് പൂച്ച വരുന്നുണ്ട്”-സൈഫെലിഖാന്‍ കരീനയുടെ കൈ പിടിച്ച് കണ്ട് പറഞ്ഞു.

കാരീനയും സൈഫെലിയും ഓടി അവിടെയിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടിയിലൊളിച്ചു.

സീന്‍:4

പെട്ടിക്കുള്‍‌വശം [ക്ലോസപ്പ് ഷോട്].കാരീന പേടിച്ചരണ്ട് നില്ക്കുന്നു.അവള്‍ വല്ലാതെ കിതക്കുന്നുണ്ട്.സൈഫെലിയും തളര്ന്നിരിക്കുന്നു.അവര്‍ പരസ്പരം നോക്കുന്നു.സൈഫെലിയുടെ കണ്ണുകളില്‍ നോക്കാന്‍ കഴിയാതെ കാരീന കണ്ണുകള്‍ താഴ്ത്തി നാണിച്ച് നില്ക്കുന്നു.സൈഫെലി കാരീനയെ തൊടാന്‍ മുന്നോട്ട് വരൂന്നു.അവള്‍ ഓടി മാറുന്നു.അവരുടെ പ്രണയരംഗം.[ഏതെങ്ങിലും വിദേശരാജ്യത്ത് റോഡിലൂടെ പാട്ടും ദേഹത്ത് ഉറുമ്പ് കടിച്ച പോലത്തെ നൃത്തവും കോറിയോഗ്രഫി എന്ന ഓമനപ്പേരിട്ട് ഷൂട്ട് ചെയ്തെടുക്കാവുന്നതാണ്.]

സീന്‍:5

പാട്ട് രംഗം കഴിഞ്ഞു.കാരീനയും സൈഫെലിയും കെട്ടിപിടിച്ചുകൊണ്ട് നില്ക്കുന്നു.

“സൈഫെലിയേട്ടാ, അങ്ങെന്നെ എത്ര മാത്രം സ്നേഹിക്കുന്നു?”

“കരീന എന്‍റെ മാത്രം കരീന, ഞാന്‍ നിന്നെ എന്‍റെ ജീവനേക്കാളേറേ സ്നേഹിക്കുന്നു.എന്‍റെ ഈ കരിഞ്ഞ കൈകളിലേക്കു നോക്കൂ,നിന്‍റെ പേര് കാണുന്നനല്ലേ?”

“നമ്മള്‍ എപ്പോഴാണ് വിവാഹിതരാവുന്നത്?”

“എന്‍റെ വീട്ടുകാര്‍ സമ്മതിച്ചാലുടന്‍.സമയമെടുത്താലും അവരുടെ ഇഷ്ടത്തോടെ നമ്മുടെ വിവാഹം നടത്തണമെന്നാണ് എന്‍റെ ആഗ്രഹം” .

കാരീനയുടെ മുഖം ക്ലോസപ് ഷോട്.അവളുടെ ആത്മഗതം-”ഇവന്‍റെ വീട്ടുകാര്‍ സമ്മതിച്ച് എപ്പൊ കല്യാണം നടക്കാനാണാവൊ?ഇവന്‍റെ സ്വത്ത് മുഴുവന്‍ കരണ്ട് വിളയാടാം എന്നു വിചാരിച്ചാ മുടിഞ്ഞ തള്ളയും തന്തയും!!1ഇവനെ വിട്ട് ഗുണമുള്ള വല്ലവനേയും പിടിക്കുകയേ രക്ഷയുള്ളൂ.ഇമ്രാന്‍ എലിയെ പാട്ടിലാക്കിയാലോ,അവന്‍റെ ‘ജാനേ തൂ ‘ഹിറ്റാണല്ലോ.അവന്‍റെ കൂടെ പോയി രണ്ട് പടം ഹിറ്റായാല്‍ എലിവുഡ് താരറാണിയാകാം”

“കാരീന നീ എന്താ ആലൊചിക്കുന്നത് ?”

ചിന്തയില്‍ നിന്നുണര്ന്നു-”എന്നെ ഒരു നിര്‍മ്മാതാവ് കാണാന്‍ വരുമെന്നു പറഞ്ഞിട്ടുണ്ട് ഞാന്‍ കണ്ടിട്ട് വരാം.സൈഫെലി-ഞാനും വെരാം”.

“വെണ്ടാ നീ വന്നാല്‍ നിനക്കും ചാന്സ് തരണമെന്നു വിചാരിച്ച് അയാള്‍ പോയലോ?ഞാന്‍ വേഗം വരാം.അതുവരെ നീ എവിടേയും പോകണ്ടാ, ആ ഷാഹിദ് എലി നിന്നെ തപ്പി നടക്കുന്നുണ്ട്“.കാരീന പുറത്തേക്കു പോകുന്നു.

സീന്‍:6

ഇത്രയും ആയപ്പോഴെക്കും നേരം വെളുത്തു.സൈഫെലി പെട്ടിയുടെ ഉള്ളില്‍ പെട്ടു.പുറത്തിറങ്ങിയാല്‍ വീട്ടുകാര്‍ തല്ലിക്കൊന്നാലോ എന്ന് പേടിച്ച് വിറച്ച് അതിനുള്ളില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു.അവന്‍ തക്ക സമയത്ത് രക്ഷപെട്ട കാരീനയെ ഓര്ത്ത് അതിനുള്ളില്‍ അങ്ങോട്ടും ഇങ്ങോട്ടും നട്ന്ന് സമയം കളഞ്ഞു.പെട്ടിയുടെയുള്ളില്‍ അനക്കം ഉണ്ടെന്നു സംശയിച്ച് പണിക്കാര്‍ പെട്ടിയില്‍ തട്ടി നോക്കി.അതോടെ സൈഫെലിയുടെ അവസ്ഥ വളരെ പരിതാപകരമായി.

സീന്‍:7

തമിഴന്‍ പയ്യന്‍ വരുന്നു.പെട്ടിയെടുത്ത് മുകളില്‍ കൊണ്ടു വെക്കാന്‍ പറഞ്ഞതനുസരിച്ച് ഓരോരോ പെട്ടികളായി മുകളിലേക്ക് പോകുന്നു.അവസാനം സൈഫെലിയുടെ പെട്ടിയും.അകത്ത് സൈഫെലിയുടെ ഹൃദയമിടിപ്പ് ഉയരുന്നു.ഇരുട്ട് മാത്രമുള്ള ഒരു അറയില്‍ തമിഴന്‍ പെട്ടി വെക്കുന്നു.

സീന്‍:8

രാത്രി,വീട്ടുകാര്‍ ഉറങ്ങാന്‍ കിടക്കുന്നു.ലൈറ്റുകള്‍ അണയുന്നു.എങ്ങും നിശ്ശബ്ദ്ധത.ഇരുട്ട് മാത്രം കാണുന്നു,സൂക്ഷിച്ച് നോക്കുമ്പോള്‍ തിളങ്ങുന്ന രണ്ട് കണ്ണുകള്‍.അത് സൈഫെലിയുടേതാണ്.പെട്ടിക്കുള്ളില്‍ സൈഫെലി പരക്കം പായുന്നു.പെട്ടിയുടെ ഒരു വശം തുരന്നു പുറത്തിരങ്ങുന്നു.എങ്ങും ഇരുട്ട് മാത്രം .അവനു ശ്വാസം മുട്ടുന്നു.ഭക്ഷണമില്ലായ്മയുടെ തളര്‍ച്ചയും ഉറക്കമില്ലായ്മയും മൂലം അവന്‍ ആകെ ക്ഷീണിച്ചിരിക്കുന്നു.അവന്‍ എല്ലാ സ്ഥലവും മണത്തു നോക്കി,ഒരു വാതില്‍ കണ്ടു.അതു തുരക്കുകയേ ഇവിടന്നു രക്ഷപ്പെടാനുള്ള വഴിയുള്ളൂ.അവന്‍ കരണ്ട് തുടങ്ങി.

അതേസമയം വെള്ളം കുടിക്കാന്‍ എഴുന്നേറ്റ് ഗൃഹനാഥന്‍ കരണ്ടുന്ന ശബ്ദം കേള്‍ക്കുന്നു.അയാള്‍ കള്ളന്മാര്‍ തുരക്കുകയാവും എന്നു പേടിച്ചു.പരിസരനിരീക്ഷണത്തിലൂടെ കള്ളന്മാര്‍ അല്ലെന്നു മനസിലാക്കി.അയാള്‍ ഉറങ്ങാന്‍ കിടന്നു.പക്ഷെ വീണ്ടും ശബ്ദം.അയാള്‍ മുന്‍‌വശത്തെ ജനലില്‍ കൂടി പുറത്തേയ്ക്കു നോക്കുന്നു.വാച്മാന്‍ ഗേയ്റ്റിനു മുന്നില്‍ തന്നെ ഇരിപ്പുണ്ട്.അയാള്‍ ആശ്വാസത്തോടെ ഉറങ്ങാന്‍ പോയി. പിന്നേയും ശബ്ദം.അയാള്‍ വാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങി.വാച്മാനെ വിളിച്ചു.അവര്‍ രണ്ടു പേരും വീടിനു ചുറ്റും ടോര്‍ച് അടിച്ച് നോക്കുന്നു.ഒന്നും കാണുന്നില്ല.ഗൃഹനാഥന്‍-മുകളില്‍ പോയി നോക്കാം.കോണിപ്പടികള്‍ കയറും തോറും ശബ്ദം കൂടിക്കൂടി വന്നു.മുകളിലെ കിടപ്പുമുറിയില്‍ നിന്നാണ് ശബ്ദം എന്നു മനസ്സിലായി.അവര്‍ ജനലില്‍ കൂടി അകത്തേയ്ക്കു നോക്കി.അതേ സമയത്ത് തന്നെ സൈഫെലിയും അറയുടെ വാതില്‍ തുരന്ന് പുരത്തേയ്ക്കിറങ്ങി.

“ങ്ങാഹാ ഇവനായിരുന്നോ?മനുഷ്യന്‍റെ ഉറക്കം കളയാനായിട്ട്,നാശം!ഇന്നിവനെ ശരിയാക്കീട്ട്ള്ള കാര്യേയുള്ളൂ“.അയാള്‍ എലിയെ അടിക്കാനായി എന്തെങ്കിലും ഉണ്ടോ എന്നു തിരഞ്ഞു.കൈയില്‍ കിട്ടിയതു ബുക്ക് ഷെല്ഫില്‍ നിന്നും ഡിക്ഷണറിയാണ്.അയാള്‍ വാതില്‍ തുറന്ന് അകത്തേയ്ക്ക് കയറി.വാതില്‍ തുറന്നു അകത്ത് കയറിയ ഗൃഹനാഥനെ കണ്ട് സൈഫെലി പേടിച്ച് വിറയ്ക്കുന്നു.അവന്‍ സ്വരക്ഷയ്ക്കായി ഒരു മൂലയിലേക്കു പതുങ്ങുന്നു.ഗൃഹനാഥന്‍ ഡിക്ഷണറി സര്‍‌വശക്തിയുമെടുത്ത് സൈഫെലിയുടെ ദേഹത്തേയ്ക്കെറിഞ്ഞു.സൈഫെലി തല്ക്ഷണം പിടഞ്ഞു മരിച്ചു.ഗൃഹനാഥന്‍ വാച്മാനോട് ചത്ത എലിയെ കളയാന്‍ പറയുന്നു.അയാള്‍ എലിയെ എടുത്ത് കൊണ്ടു പോകുന്നു.

സീന്‍:9

വാച്മാന്‍ സൈഫെലിയെ വീടിനു പുറകിലെ ആള്താമസമില്ലാത്ത പറമ്പിലേയ്ക്കെറിയുന്നു.അപ്പോള്‍ അവിടെ ഒരു വശത്ത് കാരീനയുടെ ചിരി കേള്‍ക്കുന്നു.ഇരുട്ടിലേക്ക് നീളുന്ന ക്യാമറ കണ്ണുകള്‍.സഞ്ജയ് ബന്സെലിയുടെ കൂടെയിരുന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നുന്ന കാരീനയുടെ ചിരിയുടെ മുഴക്കത്തോടെ സിനിമ അവസാനിക്കുന്നു.

ശുഭം

ആധുനിക മലയാളം സാഹിത്യം

പാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാളം സാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനിക സാഹിത്യമെന്നു വിവക്ഷിക്കുന്നു. കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്പ്യന്‍ ഭാഷകള്‍ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികള്‍ വായിക്കുവാനും ലഭിച്ച അവസരങ്ങള്‍ സാഹിത്യപരമായ ചില നവോത്ഥാനചിന്തകള്‍ക്ക് വഴി തെളിച്ചു. നിഘണ്ടു, വ്യാകരണഗ്രന്ഥങ്ങള്‍ എന്നിവയുടെ ലഭ്യതയും, പ്രസിദ്ധീകരണ ഉപകരങ്ങള്‍, വാര്‍ത്താപത്രങ്ങള്‍ എന്നിവയുടെ ലഭ്യതയും ഈ വളര്‍ച്ചയ്ക്ക് സഹായകമായി വര്‍ത്തിച്ചു. കൊളോണിയല്‍ ഭരണകൂടങ്ങള്‍ നിഷ്കര്‍ഷിച്ച വിദ്യാഭ്യാസ വ്യവസ്ഥികള്‍ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ കൈവരിച്ച അറിവും, ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയും ചെയ്തു.

ഗദ്യസാഹിത്യത്തിനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ ഭാഷാശാകുന്തളം കാളിദാസ കൃതിയായ അഭിജ്ഞാനശാകുന്തളത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമായിരുന്നു. പില്‍ക്കാലങ്ങളില്‍ മലയാളം സാഹിത്യം ഗദ്യത്തിലേക്ക് വഴിമാറിയൊഴുകുന്നതിന്റെ സൂചനയും തുടക്കവുമായിരുന്നു ഈ കൃതി. അന്യഭാഷകളില്‍ നിന്നു സാഹിത്യസൃഷ്ടികള്‍ വിവര്‍ത്തനം ചെയ്യുന്ന രീതി രാമവര്‍മ്മയുടെ കാലം മുതല്‍ ഇങ്ങോട്ട് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടര്‍ന്നുപോരുന്നു. ആയില്യം തിരുനാളിന്റെ പിന്‍‌ഗാമിയായിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവായിരുന്നു മലയാളത്തിലെ ആദ്യകാല ഉപന്യാസലേഖകരില്‍ ഒരാള്‍. ബെഞ്ചമിന്‍ ബെയ്‌ലി, ജോസഫ് പീറ്റ് എന്നീ വിദേശീയരും പാശ്ചാത്യ ഉപന്യാസരീതികള്‍ അവലംബിച്ച് മലയാളം ഗദ്യശാഖയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന ജെര്‍മന്‍ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തില്‍ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു. ഈ സൃഷ്ടികളെ മാതൃകയാക്കി മലയാളത്തില്‍ നിരവധി പ്രമാണഗ്രന്ഥങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ പ്രസിദ്ധീകൃതമായി. പി.ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണു്. ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ആധുനിക സാഹിത്യത്തിന്റെ വ്യക്താവായി നിലകൊണ്ടിരുന്നു. കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും (1882 -ല്‍ പൂര്‍ത്തിയാക്കിയതു്) , വോണ്‍ ലിംബര്‍ഗിന്റെ അക്ബറും വിവര്‍ത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റേയും രീതികള്‍ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്. വിദ്യാവിനോദിനി മാസികയുടെ സി.പി.അച്ചുതമേനോന്റെയും, മലയാള മനോരമയിലെ കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെയും സഹകരണത്താല്‍ മലയാളം സാഹിത്യത്തിന്റെ ഉന്നമനത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ കേരളവര്‍മ്മയ്ക്ക് കഴിയുകയുണ്ടായി. വറുഗീസ് മാപ്പിളയുടെ ഭാഷാപോഷിണി മാസികയും സഭയും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല രചനയ്ക്ക് വേദിയായി. വിദ്യാവിനോദിനി, ഭാഷാപോഷിണി, അപ്ഫന്‍ തമ്പുരാന്‍ തുടങ്ങിയ രസികരഞ്ജിനി എന്നി മാസികകളുടെ ആവിര്‍ഭാവം സാഹിത്യനിരൂപണം എന്ന ഗൌരവമേറിയ സാഹിത്യസപര്യയ്ക്ക് തുടക്കം കുറിച്ചു. കെ.പി.അച്ചുതമേനോനെ പോലെയുള്ള നിരൂപകരുടെ സാന്നിദ്ധ്യം മലയാളം സാഹിത്യത്തിന്റെ ആധുനിക കാലത്തെ കുറേകൂടി കാര്യഗൌരവമുള്ളതാക്കുകയായിരുന്നു.

ഇടക്കാലത്ത് വിവര്‍ത്തനം ചെയ്യപ്പെട്ട നാടകങ്ങളിലൂടെ മലയാളം ഗദ്യസാഹിത്യം പുതിയ കളരികള്‍ തേടിയിരുന്നു, വേദികളുടെ സാങ്കേതികത്വം പുലര്‍ത്താതിരുന്ന ഈ നാടകങ്ങള്‍ ഭാഷയ്ക്ക് കാര്യമായ സംഭാവനകള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ല. കേരളവര്‍മ്മയുടെ മാതുലനായ ഏ.ആര്‍.രാജരാജവര്‍മ്മയുടെ സാഹിത്യപ്രഭാവം മലയാളത്തിലെ നിയോക്ലാസിക് രചാനാരീതികള്‍ക്ക് അറുതി വരുത്തുകയും റൊമാന്റിസത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ദിത്വീയാക്ഷരപ്രാസം പോലുള്ള കവനരീതികളോട് ഏ.ആര്‍ കാണിച്ചിരുന്ന എതിര്‍പ്പ് ആധുനിക സാഹിത്യത്തില്‍ ലളിതവത്കരിക്കപ്പെട്ട കവനരീതികള്‍ക്ക് തുടക്കം കുറിച്ചു. കെ.സി.കേശവപ്പിള്ള നിയോക്ലാസിക് രീതികള്‍ പിന്തുടര്‍ന്നിരുന്ന കവിയായിരുന്നെങ്കിലും പില്‍ക്കാലങ്ങളില്‍ വന്ന ഖണ്ഢകാവ്യങ്ങള്‍ക്ക് തുടക്കമെന്നോണം ‘ആസന്നമരണചിന്താശതകം’ എന്ന ലഘുകാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ടു്. കേസരി എന്നറിയപ്പെട്ടിരുന്ന വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ഹാസ്യോദ്ദീപകമായ ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഗദ്യസാഹിത്യത്തിന്റെ വിവിധ തലങ്ങള്‍ മലയാളികള്‍ക്ക് പരിചിതപ്പെടുത്തിക്കൊണ്ടായിരുന്നു.

ഗദ്യസാഹിത്യത്തിനു പരക്കെ ലഭിച്ച അംഗീകാരം കാല്പനികഭാവമുള്ള കൃതികള്‍ എഴുതുവാന്‍ സാഹിത്യകാരന്മാരെ പ്രേരിപ്പിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിലും നോവല്‍ എന്ന സാഹിത്യശാഖ പിറക്കുകയുണ്ടായി. ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ ആംഗലേയ നോവല്‍ സാഹിത്യവുമായുള്ള പരിചയം മാത്രമല്ല, മലയാളത്തില്‍ നോവലുകള്‍ പിറക്കുവാന്‍ കാരണമായി ഭവിച്ചതു, മറിച്ചു പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതികള്‍ക്ക് സമാനമായ അന്തരീക്ഷം കൊളോണിയല്‍ ഭരണത്തിനുകീഴിലുള്ള കേരളത്തിലും ദൃശ്യമായിരുന്നു. ആ ദേശങ്ങളില്‍ നോവലെഴുത്തിനെ സ്വാധീനിച്ച ഘടകങ്ങള്‍; പ്രസാധന ഉപകരണങ്ങളുടെ ലഭ്യത, ജനങ്ങളില്‍ പൊതുവെ കാണപ്പെട്ടിരുന്ന സാഹിത്യാഭിരുചി, ദേശീയതാവബോധം എന്നിവയെല്ലാം കേരളത്തിലും ദൃശ്യമായിരുന്നു.

ഒ. ചന്തു മേനോന്‍ എഴുതിയ ഇന്ദുലേഖയാണു്, മലയാളത്തിലെ ആദ്യ നോവല്‍ എന്നു പരക്കെ അറിയപ്പെടുന്നെങ്കിലും നോവല്‍ സാഹിത്യം എന്തെന്നുള്ളതിനു കൃത്യമായ നിര്‍വചനങ്ങള്‍ ഇല്ലാതെ ഈ വസ്തുത അപൂര്‍ണ്ണമാണു്. പുരാണേതിഹാസ വിഷയങ്ങള്‍ക്കല്ലാതെ ഗദ്യസാഹിത്യം ഉപയോഗിക്കുന്നതു തന്നെ ആ കാലഘട്ടത്തില്‍ നോവല്‍ സാഹിത്യവുമായി ബന്ധപ്പെടുത്താവുന്ന വസ്തുതയായിരുന്നു. മിസിസ്. കോളിന്‍സിന്റെ ഘാതകവധം, കോശിയുടെ പുല്ലേലികുഞ്ചു, ആയില്യം തിരുനാളിന്റെയും കേരളവര്‍മ്മയുടെയും ഗദ്യസാഹിത്യത്തിനല്‍ സ്വതന്ത്ര വിവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നോവലിന്റെ ഘടനയുമായി സാമ്യം പുലര്‍ത്തിയിരുന്നു. അപ്പു നെടുങ്ങാടിയുടെ കുന്ദലത ഈ ഒരു അവസരത്തില്‍ എടുത്തുപറയേണ്ട ഒരു കൃതിയാണു്, ആദ്യകാല ബംഗാളി നോവലുകളോട് സാമ്യം പുലര്‍ത്തിയിരുന്ന കുന്ദലതയിലാണു് ചിരപരിചിതങ്ങളല്ലാത്ത പേരുകളും ബിംബങ്ങളും അദ്യമായി ഉപയോഗിച്ചുകാണുന്നതു്. ഇത്തരം പലവിധത്തിലുള്ള ഗദ്യസാഹിത്യസൃഷ്ടികള്‍ രചിക്കപ്പെട്ടിരുന്ന കാലത്താണു് ഓ.ചന്ദുമേനോന്‍ ഇന്ദുലേഖ എഴുതുന്നതു്. പാശ്ചാത്യസാഹിത്യത്തിലെ നോവല്‍ രൂപങ്ങളുമായി ഏറെ സാമ്യം പുലര്‍ത്തിയിരുന്ന ഒരു കൃതിയായിരുന്നു ഇന്ദുലേഖ.

ഒ. ചന്തു മേനോന്‍ മലയാളത്തിലെ സുപ്രധാന നോവല്‍ സാഹിത്യകാരനായിരുന്നുവെങ്കില്‍ അദ്ദേഹത്തിനു പതിനൊന്നു വര്‍ഷം ഇളയതായ സി.വി.രാമന്‍പിള്ളയുടെ രാമരാജാബഹദൂര്‍ മഹത്തരമായ ഒരു നോവലായിരുന്നു. പ്രാദേശികജനജീവിതങ്ങളില്‍ നിന്നു ഇതിഹാസശൈലിയില്‍ നോവലെഴുതുന്ന കല ആദ്യമായി പരീക്ഷിച്ചതും വിജയിപ്പിച്ചെടുത്തതും മലയാളത്തില്‍ സി.വി.രാമന്‍പിള്ളയായിരുന്നു. മലയാളം സംസാരഭാഷയില്‍ ജാതി/പ്രദേശ വ്യതിയാനങ്ങള്‍ കൂടി അദ്ദേഹം തന്റെ ഗദ്യസാഹിത്യങ്ങളില്‍ സൂക്ഷ്മം ഉപയോഗിച്ചതായി കാണുന്നു.

ആംഗലേയ സാഹിത്യത്തിലെ പ്രണയകവിതകളുമായി വന്നുപോയ സമ്പര്‍ക്കം മലയാളസാ‍ഹിത്യത്തില്‍ റൊമാന്റിസിസം വളര്‍ത്തുവാന്‍ തക്കവണ്ണം പ്രസക്തമായിരുന്നു. ഈ വിഭാഗത്തില്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടതാകട്ടെ വി.സി.ബാലകൃഷ്ണപ്പണിക്കരുടെ ‘ഒരു വിലാപം’ എന്ന കാവ്യമാണു്. മലയാളകവിതയില്‍ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ കുമാരനാശാനാകട്ടെ അതുവരെ മലയാളത്തില്‍ കാണാതിരുന്ന സര്‍ഗാത്മകതയോടെ കവിതകള്‍ എഴുതിയ സാഹിത്യകാരനായിരുന്നു. നിത്യമായ ആത്മീയ അവബോധം ആശാന്റെ കവിതകളെ മലയാളം സാഹിത്യത്തിലെ നവോത്ഥാനകാലഘട്ടത്തിന്റെ മുഖമുദ്രകളാക്കി. നിയോക്ലാസിക്ക് രീതികളില്‍ മഹാകാവ്യങ്ങള്‍ എഴുതാതിരുന്ന കുമാരനാശാന്‍ എഴുതിയത്രയും ഖണ്ഡകാവ്യങ്ങളായിരുന്നു. ഒരു വീണ പൂവ് (1907), നളിനി (1911), ലീല (1914), ചിന്താവിഷ്ടയായ സീത (1919), കരുണ (1923) എന്നീ കൃതികളെല്ലാം തന്നെ ആശാന്റെ കാവ്യാത്മകത വിളിച്ചോതുന്നവയാണു്. ശ്രീനാരായണഗുരുവുമായിട്ടുള്ള സമ്പര്‍ക്കവും മദ്രാസ്, ബാംഗ്ലൂര്‍, കല്‍ക്കത്ത എന്നീ നഗരങ്ങളിലുള്ള താമസവും കുമാരനാശാനു കുറേകൂടി വ്യക്തമായ ജീവിതദര്‍ശനങ്ങള്‍ നല്‍കിയെന്നും കവിതയില്‍ അവ വേണ്ടവണ്ണം പ്രതിഫലിക്കുകയും ചെയ്തുവെന്നു നിരൂപകര്‍ കരുതുന്നു.

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ശിക്ഷണത്തില്‍ വളര്‍ന്ന ഉള്ളൂര്‍ പരമേശ്വര അയ്യര്‍ എന്ന മഹാകവിയാകട്ടെ ഉപരിപഠനത്തിനും അതുമൂലം പാശ്ചാത്യ സാഹിത്യ രൂപങ്ങളുമായി സമ്പര്‍ക്കത്തിനും കൂടുതല്‍ അവസരം ലഭിച്ച വ്യക്തിയായിരുന്നു. ഉമാകേരളം എന്ന നിയോക്ലാസിക്ക് രീതിയിലുള്ള മഹാകാവ്യമാണു് ഉള്ളൂരിനെ പ്രശസ്തനാക്കിയതു്. അദ്ദേഹത്തിനു ലഭ്യമായ വിദ്യഭ്യാസം കൈമുതലാക്കി കേരളസാഹിത്യചരിതം എന്ന സാഹിത്യപഠനഗ്രന്ഥവും ഉള്ളൂരിനു എഴുതാന്‍ കഴിഞ്ഞിട്ടുണ്ടു്. മഹാകവിത്രയങ്ങളില്‍ റൊമാന്റിസിസം ഏറ്റവും കുറവ് രചനകള്‍ ദൃശ്യമാക്കിയിരിക്കുന്നതും ഒരു പക്ഷെ ഉള്ളൂരായിരിക്കും.

മഹാകവികളില്‍ വള്ളത്തോള്‍ നാരായണമേനോനായിരുന്നു കൂടുതല്‍ ജനകീയനായ കവി. അനാചാരങ്ങള്‍ക്കെതിരെയും ദേശീയോദ്ഗ്രഥനത്തിനായും അദ്ദേഹം കവിതകള്‍ എഴുതിയപ്പോള്‍ പില്‍ക്കാലങ്ങളില്‍ വന്ന സാഹിത്യകാരന്മാരെ എളുപ്പം സ്വാധീനിക്കുവാന്‍ അദ്ദേഹത്തിനായി. വള്ളത്തോളിന്റെ സുഹൃത്തുകൂടിയായ നാലപ്പാട്ട് നാരായണമേനോന്റെ കൃതികളിലാണു് വള്ളത്തോളിന്റെ സ്വാധീനം ഏറെ ദൃശ്യമാകുന്നതു്. എങ്കില്‍ തന്നെയും നാരായണമേനോന്റെ കണ്ണുനീര്‍തുള്ളി എന്ന വിലാപകാവ്യം റൊമാന്റിസസത്തിലേക്കും ആശാന്റെ സ്വാധീനത്തിലേക്കുമാണു് വിരല്‍ ചൂണ്ടുന്നതു്. പൊതുവെ ഈ കാലഘട്ടത്തിലെ മഹാകവികള്‍ എല്ലാവരും തന്നെ നിയോക്ലാസിക്ക് കവിതകള്‍ എഴുതി പിന്നീട് റൊമാന്റിസിസത്തിലും റിയലിസത്തിലും കവിതകള്‍ എഴുതിയവരായിരുന്നു.

ജി.ശങ്കരക്കുറുപ്പ് എന്ന കവിയാകട്ടെ ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും ക്ലാസ്സിസിസ്റ്റ് കാവ്യസപര്യയ്ക്ക് സമാനമായ രീതിയില്‍ സാഹിത്യം കൈകാര്യം ചെയ്തിരുന്നു. ബംഗാളി കവിയായ രബീന്ദ്രനാഥ ടാഗോറിന്റെ വീക്ഷണങ്ങള്‍ ശക്തമായി സ്വാധീനം ചെലുത്തിയിരിക്കുന്ന ജി.ശങ്കരക്കുറുപ്പിന്റെ കവിതകള്‍ 1930 കളില്‍ മലയാളം സാഹിത്യലോകത്തു വേറിട്ടുനിന്നിരുന്നവയായിരുന്നു. പി.കുഞ്ഞിരാമന്‍‌നായരും, ബാലാമണിയമ്മയും വള്ളത്തോളിന്റെ കാവ്യശൈലിയില്‍ ആകൃഷ്ടരായിരുന്ന ഭാഷാകവികളായിരുന്നു. പി.കുഞ്ഞിരാമന്‍‌നായരുടെ കവിതകളില്‍ കേരളീയഭൂസൗന്ദര്യം വഴിഞ്ഞൊഴുകുമ്പോള്‍ ബാലാമണിയമ്മ നിയോക്ലാസിക്ക് കവനരീതിയില്‍ വിഭീഷണനെ കുറിച്ചും, മഹാബലിയെ കുറിച്ചുമെല്ലാം കവിതകള്‍ എഴുതി പ്രശസ്തിനേടിയിരുന്നു.

ഇടപ്പള്ളികവികള്‍ എന്നറിയപ്പെട്ടിരുന്ന രണ്ടു കവികളുടെ സാന്നിദ്ധ്യം മലയാളത്തിന്റെ സാഹിത്യചരിത്രത്തില്‍ റൊമാന്റിസിസത്തിന്റെ പുതിയകാലഘട്ടത്തിന്റെ തുടക്കമായിരുന്നു. ഇവര്‍ ഇടപ്പള്ളി രാഘവന്‍പിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന സതീര്‍ഥ്യരായിരുന്നു. രാഘവന്‍‌പിള്ളയുടെ മണിനാദം 1930 കളില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും പ്രശസ്തമായ കാവ്യമായി കരുതപ്പെടുന്നു. ചങ്ങമ്പുഴയുടെ ബാഷ്പാഞ്ജലി, രമണന്‍ എന്നീ കാവ്യങ്ങളും കേരളസാഹിത്യ ചരിത്രത്തില്‍ സ്ഥാനം നേടിയ കൃതികളാണു്. ഇതില്‍ തന്നെ രമണന്‍ എന്ന കൃതിയ്ക്ക് കൈവന്ന അസാധാരണമായ പ്രചാരം ഇന്നും നിരൂപകശ്രദ്ധ നേടുന്ന ഒരു വസ്തുതയാണു്. 1948 ചങ്ങമ്പുഴയുടെ മരണശേഷം മലയാളകവിതയില്‍ റൊമാന്റിസിസത്തിന്റെ പ്രഭാവം അസ്തമിച്ചിരുന്നു. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എന്ന കവിയുടെ പ്രാദേശികവും സാമൂഹികവുമായ വികാരങ്ങള്‍ ഉള്‍ക്കൊണ്ടുള്ള കവിതകള്‍ പുറത്തുവന്നതും ഈ കാലഘട്ടത്തിനു ശേഷമാണു്. വള്ളത്തോളിന്റെ പ്രഭാവം പ്രകടമായിക്കാണുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്‍ ചങ്ങമ്പുഴയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കവിയാണെങ്കിലും റൊമാന്റിസിസം സ്വാധീനിച്ചിട്ടില്ലാത്ത കവിയാണു്. ലളിതസുന്ദരമായ ഭാഷയില്‍ വൈലോപ്പിള്ളി എഴുതിയ മാമ്പഴം എന്ന കവിത നിയോക്ലാസിസത്തില്‍ നിന്നും റൊമാന്റിസിസത്തില്‍ നിന്നുമെല്ലാം അകന്നു കവിതയ്ക്ക് ശോഭനമായൊരു ഭാവിയുണ്ടെന്നു വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. രമണന്റെയും ചങ്ങമ്പുഴയുടെയും കാലത്തിനുശേഷം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകള്‍ ഒന്നും തന്നെ റൊമാന്റിസിസത്തോടു ചേര്‍ന്നു നില്‍ക്കുന്നവയായിരുന്നില്ല. എന്‍.വി.കൃഷ്ണവാര്യര്‍ (നീണ്ട കവിതകള്‍), അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം), ഒളപ്പമണ്ണ (നങ്ങേമക്കുട്ടി) എന്നീ കവികളെല്ലാം ഇടശ്ശേരി തുടങ്ങിയ സാമൂഹികപ്രസക്തിയുള്ള കവിതകളുടെ വക്താക്കളായിരുന്നു.