Tuesday, September 8, 2009

എം.ടി. യുടെ കഥകള്‍

ആമുഖമായി ....................




Come on, love poem, get up from among the broken glass,



the time to sing has come



Help me, love poem, to make things whole again, to sing inspite of pain.



It"s true that the world does not cleanse itself of wars, does not wash off the blood, does not get over its hate. it"s true



Yet it is equally true that we are moving toward a realization; the violent ones are reflected in the mirror of the world, and their faces are not pleased to look at, not even to themselves







കഥയുടെ പെരുന്തച്ചനില്‍ന്ന് മലയാളിക്ക് കിട്ടിയ മറ്റൊരു മുത്ത് - ഷെര്‍ലക്ക് കഥാ സമാഹാരം. വെറും നാലു കഥകള്‍ - ഷെര്‍ലക്ക്; ശിലാലിഖിതം; കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്; കല്പ്പാന്തം. ഈ കഥകളിലൊക്കെത്തന്നെ നഗരം പ്രത്യക്ഷത്തില്‍ മനുഷ്യന്‍റെ അന്തകനായി നില്ക്കുന്നു.



ചിലപ്പോള്‍ ഈ കഥകളില്‍ എം.ടി. പറഞുപോയ കാര്യങള്‍ മറ്റു പലരും പ്രതിപാദ്യമാക്കിയിരിക്കാം. പക്ഷെ എം.ടി. യുടെ വാക്കുകള്‍ വായനക്കാരെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ജീവിതം വെട്ടിപ്പിടിക്കാനിറങുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മെത്തന്നെയണ്. മാനുഷിക മൂല്യങള്‍ക്ക് അവിടെ സ്ത്ഥാനമില്ല. എല്ലാറ്റിനുമുപരി സ്വാര്‍ത്ഥം ജയിക്കുന്നു. നഗരത്തിന്‍റെ ആര്‍ഭാടങള്‍ മനുഷന് മറ്റൊരു മുഖം നല്കുന്നു. നിന്ദയുടെ, അവജ്ഞയുടെ, അല്പ്പത്തത്തിന്‍റെ....... ഇതിനു മുകളില്‍ കുട പിടിക്കുന്ന മനുഷ്യന്‍ മറ്റൊന്നും കാണുന്നില്ല - സ്വന്തം നിലനില്പ്പല്ലാതെ....... എം.ടി. ഇതിന് അടിവര ഇടുന്നു ഈ കഥകളില്‍.











ഈ കഥാസമാഹാരത്തിലെ ആദ്യ കഥയായഷെര്‍ലക്ക്. ഇതിലെ പ്രധാന കഥാപാത്രംതന്നെ പൂച്ചയാണ്. കഥ നടക്കുന്നത് അമേരിക്കയില്‍. ബാലു ചേച്ചിയെ കാണാന്‍ അമേരിക്കയില്‍ എത്തുന്നു. ഇംഗ്ലീഷ് ലിറ്റ്റേച്ച്റില്‍ എം.എ. ജേര്‍ണ്ണലിസ്ത്തില്‍ ഡിപ്ലൊമയുള്ള ഹൈലി ക്വാളിഫയിഡ് ആയ ബാലു എവിടെയുമെത്തുന്നില്ല. എം.ടി. യുടെ വാക്കുകള്‍ " ദൈവവും ഞാനും തമ്മിലുള്ള ഇടപാടുകളില്‍ എവിടെയൊക്കെയൊ പിഴവു പറ്റി."











പക്ഷെ അയാളുടെ ചേച്ചി അങനെ ആയിരുന്നില്ല. തികച്ചും മെറ്റീരിലിസ്റ്റിക്. ആദ്യത്തെ ഭര്‍ത്താവുമായി അവര്‍ വേര്‍ പിരിഞു. ബാലുവിന്‍റെ കുമാരേട്ടനെ. " ഞാന്‍ ഗ്രീന്‍ കാര്‍ഡ് ശരിയാക്കമെന്ന് പറഞതാണ്. ഫോര്‍ യുര്‍ കുമാരേട്ടന്‍! യൂ നോ ദാറ്റ്. " കുമാരേട്ടന്‍ അതിനൊന്നും നിന്നില്ല. അയാള്‍ക്ക് അമേരിക്കയിലെ വീട്ടു തടങ്കല്‍ അത്ര വെറുപ്പുള്ളതായിരുന്നു. കുമാരേട്ടന്‍ നാട്ടിലേക്കു തിരിച്ചു പോയി. വേറൊരു വിവാഹം കഴിച്ചു. സസുഖം ജീവിക്കുന്നു.











ബാലുവിന്‍റെ ചേച്ചിക്ക് ശാന്തിയും സമാധാനവും കിട്ടിയോ? അമേരിക്കന്‍ ഉപഭോഗ സംസ്കാരത്തിന്‍റെ അടിമയായി, മന:സമാധാനത്തിന് രാത്രിയില്‍ വൈന്‍ കുടിക്കുന്നു. കൂട്ടിനു ഷെരലക്ക് ഹോംസ് ഷിന്ഡെ എന്ന പൂച്ചയും.











ജീവിതം തന്നെ ഒരു അപസര്‍പ്പക കഥയാകുന്നു ചിലര്‍ക്ക്. എന്‍ജീനീയറായ ജയന്ത് ഷിന്‍ഡെ, ബാലുവിന്‍റെ ചേച്ചിയുടെ രണ്ടാം ഭര്‍ത്താവ്, കുഞുങള്‍ക്കു പകരം പൂച്ചയെ എടുത്തു വളര്‍ത്തുന്നു. പൂച്ചയുടെ നഖങള്‍ ഓപ്റേറ്റ് ചെയ്ത് മാറ്റുന്നു. അല്ലെങ്കില്‍ പൂച്ചയുടെ നഖം തട്ടി വിലപിടിപ്പുള്ള ഫര്‍ണിച്ചറുകള്‍ കേടാവുമത്രെ. അമേരിക്കക്കാര്‍ക്ക് എല്ലാം ഒരു വിനോദമാണ്. എതിര്‍ക്കാനുള്ള ആയുധമത്രയും നശിപ്പിക്കുക. ആയിക്കോട്ടെ. മനുഷ്യ നൃശംതയുടെ മറ്റൊരു മുഖം.











മദ്യപിക്കാത്ത ജയന്ത് ഷിന്ദെ മദ്യക്കുപ്പികള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതും അമേരിക്കന്‍ നാഗരിഗതയുടെ മറ്റൊരു വിനോദം. ഇവിടെ ഏം.ടി. യുടെ നര്‍മ്മം നഗര കാപട്യത്തിനു നേരെ കലഹിക്കുന്നു.











മാര്‍‍ജ്ജാര ദു:ഖവും ബാലുവിന്‍റെ ദു:ഖവും ഒന്നാകുന്നതും മദ്യത്തിലൂടെത്തന്നെ. ഒരു സ്വയം നഷ്ടപ്പെടല്‍. ബാലുവിന്‍റെ ചേച്ചിയും അതു തന്നെ യാണല്ലൊ ചയ്യുന്നത്, ഒറ്റപ്പെടലിന്‍റെ വ്യഥയകറ്റാന്‍.











സ്വബോധം നഷ്ടപ്പെടുന്നവര്‍ക്ക് കാപട്യത്തിന്‍റെ ആവശ്യമില്ല, അല്പ നേരത്തെക്കെങ്കിലും. അപ്പോള്‍ മാത്രമാണ് മന്ഷ്യനും മൃഗവും സ്വത്വം നഷ്ടപ്പെടാത്തവരാവുന്നതും.











എം.ടി. യുടെ വാക്കുകള്‍ " അപ്പോഴാണ് ഒരു നടുക്കത്തോടെ കാണുന്നത്, ഷെര്‍ലക്കിന്‍റെ കാലുകള്‍ നാലിലും നീണ്ട കൂര്‍ത്ത നഖങള്‍."

കാപട്യവും ക്രൂരതയുമൊക്കെത്തന്നെ എത്ര കണ്ട് മൂടിവെക്കാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ അത് മുഖം മൂടി അഴിച്ച് പുറത്ത് ചാടുന്നു - മനുഷ്യനായാലും മൃഗമായാലും.











നഗരം ഒരു പ്രധാന വില്ലനായി ഈ കഥാസമാഹരത്തിലുടനീളം പ്രത്യക്ഷപ്പെടുമ്പോലെ ഒറ്റപ്പെടുന്ന വ്യക്തികളുടെ വ്യഥയും നമുക്ക് അനുഭവേദ്യമാകുന്നു ഓരോ കഥകളിലും.











ഒറ്റപ്പെടുന്ന വ്യക്തികളുടെ ഭാവപ്പകര്‍ച്ച ഒരുതരത്തില്‍ പറഞ്ഞാല്‍ ഉന്മാദത്തിന്‍റെ‍‍താണ്. അത് പലവേഷങ്ങള്‍ എടുത്ത് അണിയുന്ന് എന്ന് മാത്രം - പണത്തിന്‍റെ, സ്ഥാന മാനങ്ങളുടെ, ആത്മഹത്യയുടെ, ഭ്രാന്തിന്‍റെ- ഇതില്‍ ഏത് വേഷമാണ് ഒരു വ്യക്തി ആടുന്നത് എന്നതിനനുസരിച്ച് ഇരിക്കുന്നു സമൂഹത്തില്‍ ആ വ്യക്തിയുടെ ജയ പരാജയങ്ങള്‍. നമ്മള്‍ പറയുന്ന പോസിറ്റീവ്/നെഗെറ്റീവ് അപ്രോച്ച്. അവിടെ മാനുഷിക മൂല്യങ്ള്‍ക്ക് വിലയില്ല.











ശിലാലിഖിതത്തിലെ ഗോപാലന്‍കുട്ടി ചരിത്ര ഗവേഷണത്തില്‍ ഡോക്ട്രേറ്റ് എടുത്ത ആളാണ്. അതിനപ്പുറം അയാള്‍ക്ക് ഒരു ലോകമില്ല. വിദ്യാസ്മ്പന്നരായ മനുഷ്യരിലൂടെ ദയാരാഹിത്യത്തിന്‍റെ വൃത്തികെട്ട മുഖം എം.ടി. നമുക്ക് കാണിച്ചു തരുന്നു.











വിഷം കഴിച്ച് ആത്മഹത്യ ചയ്യുന്ന പത്മാവതി, മരണത്തോടു മല്ലിടുമ്പോഴും നിസ്സംഗരായി അവളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ നിന്ദിച്ചും പഴി പറഞും പിഴച്ചവള്‍ക്ക് കിട്ടേണ്ട വിധിയെഴുത്തായി സമൂഹം അതിനെ കാണുന്നു.











ഒരു സമൂഹം മുഴുവന്‍ കാട്ടാള സ്വഭാവം പ്രകടിപ്പിക്കുന്നത് എന്തു കൊണ്ട് എന്നതിനുത്തരം അതായിരിക്കാം ഒരുപക്ഷെ ഇന്നിന്‍റെ ലോക നീതി എന്നതു മാത്രമായിരിക്കും. അവിടെ ഒരു വ്യക്തിയല്ല, ആള്‍ക്കൂട്ടമാണ് തെറ്റും ശരിയും നിശ്ചയിക്കുന്നത്.











കുറെച്ചെങ്കിലും മനുഷ്യ പറ്റുള്ള ഗോപലന്‍ കുട്ടിയുടെ അമ്മ പറയുന്നു - " മാഷേ, മാഷ് കൊറച്ച് വൈദ്യം അറീണ ആളല്ലേ? എന്താ ആ പെണ്ണ് അരച്ച് കലക്കി കഴിച്ചത്ന്ന് അറിയില്ലല്ലോ"











"മാള്വൊമ്മെ, ഇതിനൊക്കെ ഡോക്ട്ര്‍മാര്ടെ അടുത്ത് കൊണ്ടോവണം. ഛര്‍ദ്ദിപ്പിക്കാന്‍ അവര്ടെ കൈയില് മരുന്ന്.ണ്ട് ഇല്ലെങ്കില്‍ അവര് ഇനിമ കടുക്കും. ചെയ്യണ്ട്ത് അതാണ്."











"മാളോട്ത്തി, മിണ്ടാതെ ഒരു ഭാഗത്തിരിക്യാ നല്ലത്. ഓരോന്നിന്‍റെ മണ്ടേല് വര മാറ്റാന്‍ പറ്റോ? ഇതേയ്, ഇതില് പെട്ടാല്‍......"

രാഘവമ്മാമ സ്വരം ഒന്ന് താഴ്ത്തി " പോസ്റ്റുമാര്‍ട്ടം, പോലിസ് വന്ന് .......എന്താ അതിന് പറയൃ? ആ ഇന്‍ക്വെസ്റ്റ്. ഇതിനൊക്കെ വേറെ ചില വകുപ്പാണ്, അറിയ്യോ?"











പത്മാവതിയുടെ ബന്ധുക്കള്‍ കൂടിയായ ഗോപലന്‍ കുട്ടിയും രാഘവന്‍മ്മാമയും മുഖം തിരിച്ച് സ്വയം രക്ഷനോക്കുമ്പോള്‍ മനുഷ്യന് ഇത്രത്തോളം ക്രുനാവാന്‍ എങനെ കഴിയുന്നു എന്നും ചിന്തിച്ചു പോവുന്നു.











നാരായണിയും മക്കളും ( പത്മാവതിയും അവളുടെ അനിയത്തിയും ) പിഴച്ചവരാണ്. വിശപ്പിന്‍റെ വിളിയകറ്റാന്‍ വ്യഭിചാരം എന്ന കുറ്റം അവര്‍ ചെയ്യുന്നതു തന്നെ സമൂഹത്തിന്‍റെ കൊള്ളരുതായ്മ കൊണ്ട് മാത്രമാണ്. സ്നേഹശൂന്യമായ പെരുമാറ്റം പലരേയും വഴി പിഴച്ച സന്തതികളാക്കുന്നു എന്നത് മറ്റൊരു സത്യം.











"മറ്റോള്‍ടെ വിവരം വല്ലതും കേട്ട്വോ രാഘവാ? രണ്ടാമത്തോള്‍ടെ?"









"ആരാ അന്വേഷിക്കണ്? നമ്മടെ കൊട്ടിലിലെ നാണ്വെമ്മടെ മകന്‍ കുഞ്ഞുണ്ണി ആലോചിച്ചതല്ലെ? അസ്സലായി അദ്ധാനിക്കണ ചെക്കന്‍....... അപ്പളല്ലേ ഒരുമ്പോട്ടള്‍ക്ക് താറാവുകാരന്‍ നസ്രാണീടെ കൂടെ ചാടിപ്പോവാന്‍ തോന്നീത്...... എവിടെങ്കിലും ചെന്ന് തൊലയട്ടെ"











"കാര്യം നമ്മുടെ ഒരു കാരണോര്ടെ മക്കളും കുട്ട്യോളും ആണ്. പറഞ്ഞിട്ടെന്താ?"









രഘവമ്മാമ ഒരു സ്വകാര്യം പോലെ ഗോപാലന്‍ കുട്ടിയോട് പറഞ്ഞു " സ്വഭാവ ഗുണം നന്നല്ല. തള്ളേ കണ്ടിട്ടല്ലേ മക്കള് പഠിക്യാ"

ഇത് ഗോപാലന്‍ കുട്ടിയും ശരിവെയ്ക്കുന്നുണ്ട് അയാളുടെ പഴയ ഓര്‍മ്മകളിലൂടെ - നാരയണി വൈകുന്നേരം മേല്‍ കഴുകി വന്നാല്‍ തെക്കേ മുറ്റം അടിക്കുന്ന പതിവുണ്ട്....... കുനിഞ് അടിച്ചു വാരുമ്പോള്‍ നനവു വറ്റാത്ത മുടിയുടെ ചുരുട്ടിക്കെട്ടിയ അറ്റം നിലത്തു മുട്ടുമെന്ന് തോന്നും. തിണ്ണയിലിരുന്ന് നോക്കും. ചതുരക്കഴുത്തുള്ള ബ്ളൌസിന്‍റെ വിടവിലൂടെ, വെള്ളരിപൂക്കള്‍ പോലെ...."











"കള്ളാ, നീയെന്താടാ നോക്കിയിരിക്കണ് " ഒരിക്കല്‍ നാരായണി കള്ളക്കണ്ണ് കണ്ട് പിടിച്ചു. അപ്പോള്‍ നാണം കൊണ്ട് ചുളുങ്ങി...... നാരായണി ചിരിച്ചും കൊണ്ട് തിരിച്ചു പോവുമ്പോള്‍ താടിയില്‍ രണ്ടുവിരല്‍ കൊണ്ട് പിടിച്ച് ഒന്നാട്ടി പതുക്കെ പറഞ്ഞു - സാരല്യടാ, ആങ്കുട്യോളായാല്‍ ഇത്തിരി തോന്ന്യാസൊക്കെ അറിയണ്ടെ. "











"ചുട്ട പുളിങ്കുരു ഒളിപ്പിച്ചുവെച്ചത് തിരയാന്‍ ട്രൌസറിന്‍റെ പോക്കറ്റില്‍ കൈയ്യിട്ട് തിരുപ്പിടിപ്പിച്ച് നാണിപ്പിച്ചത് ഏഴില്‍ പഠിക്കുമ്പോഴാണ്"

കൌമാരത്തിന്‍റെ ചാപല്യങ്ങള്‍ മനോഹരമായ ഒരു രേഖാചിത്രം പോലെ വരച്ചിടുന്നു എം.ടി ഈ വരികളിലൂടെയത്രയും.

ഗോപാലന്‍ കുട്ടി ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അയാളുടേത് ഒരു ഏഴാം ക്ളാസില്‍ പഠിക്കുന്ന കുട്ടിയുടെ അറിവില്ലായ്മ്യുടേതാണ്. അയാളേക്കാള്‍ നാലു വയസ്സ് മാത്രം മൂപ്പുള്ള നാരായണിയുടേത് സ്വാഭാവ ദൂഷ്യവും.











ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. വിദ്യാഭ്യാസവും സെര്‍ട്ടിഫിക്കറ്റുകളും ജീവിതത്തില്‍ എലൈറ്റ് ഗ്രൂപ്പിലെത്താനുള്ള ഒരു ഏണി മാത്രമാണ്. അവര്‍ക്ക് മറ്റുള്ളവരുടെ നിസ്സഹായത മനസ്സിലാക്കാനുള്ള തിരിച്ചറിവ് ഇല്ലെന്നു തന്നെ പറയാം - സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം അവര്‍ക്കൊരു ലോകമില്ല.











അതുകൊണ്ടാണല്ലോ തറവാട് വില്‍ക്കാന്‍ അമ്മയെ നിര്‍ബന്ധിക്കുന്നതും, ആ തുകയെടുത്ത് നഗരത്തില്‍ അയാള്‍ പണിയുന്ന വീടിന്‍റെ ചെലവുകള്‍ക്ക് ഉപയോഗിക്കാന്‍ ഗോപാലന്‍ കുട്ടി പ്രേരിതനാവുന്നതും. " നഗരത്തില്‍ കണ്ണായ സ്ഥലത്ത് വക്കീല്‍ മകള്‍ക്ക് പതിനഞ്ച് സെന്‍റ് നീക്കിവച്ചിരിക്കുന്നു. അവിടെ സെന്‍റിന് ഇപ്പോള്‍ മുപ്പതിനായിരം വിലയുണ്ട്. ഫിക്സെഡ് ഡെപ്പോസിറ്റും പ്രൊവിഡ്ന്‍റ് ഫണ്ടില്‍നിന്നുള്ള കടവും ചേര്‍ന്നാല്‍ ഒന്നരലക്ഷമേ ആവൂ. എന്‍ജീനീയര്‍ കണക്കുകൂട്ടിയത് മൂന്ന്. അവര്‍ മൂന്നു പറഞ്ഞാല്‍ ചെയ്ത് വരുമ്പോള്‍ നാല്." ഇക്കൂട്ടര്‍ക്ക് ജീവിതം തന്നെ കണക്ക് കൊണ്ട് ഒരു കളിയാകുന്നു. ഇത്തരക്കാര്‍ സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളാവുന്നതും ഈ കണക്ക് കൊണ്ടുള്ള പകിട കളി കോണ്ടുതന്നെ.











രഘവമ്മാമയും ഈ ജനുസ്സില്‍പ്പെട്ടതു തന്നെ. മാദ്ധ്യസ്ഥം വഹിച്ച് ഇരു പക്ഷത്ത് നിന്നും പ്രതിഫലം പറ്റുന്ന രാഘവമ്മാമ, നഗരം ഗ്രാമത്തിലേക്ക് എങ്ങനെ കടന്ന് കയറുന്നു എന്നുകൂടി എം.ടി നമുക്ക് കാണിച്ച് തരുന്നു.











മകളുടെ ബി.എഡ്. അഡ്മിഷനുവേണ്ടി ഗോപാലന്‍ കുട്ടിയോട് പറയുന്നുണ്ട് രാഘവമ്മാമ. " ഞാനങ്ട്ട് വരണമെന്ന് വിചാരിച്ചതാ ഗോപേ, ഭാര്‍ഗ്ഗവിക്കുട്ട്യേ എവിടെയെങ്കിലും ഒന്ന് ബി.എഡിന് എടുപ്പിക്കണല്ലോ ഗോപേ."









"ജൂണില് നോക്കാം."









"പതിനെട്ട്, ഇരുപത് ഒക്കെ കൊടുക്കണ്ടിവരുംന്നാ അന്വെഷിച്ചപ്പോള്‍ അറിഞ്ഞത്. കൊടുക്കാം. അതിനും നല്ല ശുപാര്‍ശ വേണ്ടിവരുംന്നാ കേള്‍ക്കണ്. നമ്മളാരേയാ പിടിക്കണ്ട്."









"ഞാനന്വേഷിക്കാം"..............









"ഗോപേ, പണത്തിന്‍റെ കാര്യത്തില് തര്‍ക്കിക്കണ്ട. രണ്ടു കൊല്ലം കഴിഞ്ഞാല്‍ തൃത്താല സ്കൂളില് ഒരു വേക്കന്‍സി വര്ണ്ട്."











ഇങ്ങനെയാണ് മേല്‍ത്തട്ടിലുള്ളവരുടെ ചിന്ത. കാര്യം എങ്ങിനെയും സാധിച്ചെടുക്കുക. കൈക്കൂലി ഇവരുടെ കണ്ണില്‍ അത്ര മഹാപാപമൊന്നുമല്ല. അതിലൊന്നും ആര്‍ക്കും യാതൊരു പാകപ്പിഴയും കാണാന്‍ സാധിക്കുന്നുമില്ല. മേല്‍ത്തട്ടിലുള്ളവര്‍ താന്തോന്നിത്തം കാണിച്ചാലും അവരുടെ പണം അവരെ മാന്യരാക്കുന്നു.











പക്ഷെ, അങ്ങനെയാണോ നാരായണിയെപ്പോലുള്ളവര്‍. അവള്‍ താഴെത്തട്ടുകാരിയാണ്. ഒരു നേരത്തെ അന്നത്തിന്‍റെ വിലയായി അവള്‍ക്ക് കൊടുക്കേണ്ടി വരുന്നത് അവളുടെ ജീവിതം തന്നെയാണ്. പാങ്ങില്ലാത്തവര്‍ മറ്റെന്ത് ചെയ്യാന്‍.











സമൂഹത്തിന്‍റെ കണ്ണില്‍ നാരായണിയുടെ പ്രവൃത്തികള്‍ മ്ളേഛമാകുന്നത് ഇതും കൊണ്ട് കൂടിയാണ്. പണമില്ലാത് തന്നെ പ്രധാന കാരണം. പണമുണ്ടെങ്കില്‍ ഈ സമൂഹത്തില്‍ ഏത് ദുഷ്പ്രവൃത്തിയും ആവാം എന്ന് ചുരുക്കം.



കഥയുടെ കുലപതിയായ എം.ടി. വരികളിലും വാക്കുകളിലും ഒളിപ്പിച്ചുവെക്കുന്ന മൌനം പ്രത്യേകം ശ്രദ്ധേയമാണ്. പറഞ്ഞ വാക്കുകളേക്കാള്‍ പറയാതെ വെക്കുന്ന കാര്യങ്ങള്‍ ചികഞ്ഞെടുക്കേണ്ടത് വായനക്കാര്‍ക്ക് വിട്ടുകൊടുക്കുന്നു എം.ടി



രാഘവമ്മാമ സംഭാഷണത്തിനിടയില്‍ തൃത്താലയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഒരു സാധാരണ സംഭാഷണം എന്നതിലുപരി ആദ്യ വായനയില്‍ ഇവിടെ മറ്റൊന്നും തോന്നാനിടയുമില്ല.



ആഴത്തില്‍ വായിക്കുമ്പോള്‍ നമ്മള്‍ അറിയുന്നു, തൃത്താല എന്ന സ്ഥലം വേദഭൂമിയാണ്, പറയിപെറ്റ പന്തീരുകുലത്തിന്‍റെ മാഹാത്മ്യം വിളിച്ചോതുന്ന പുണ്യഭൂമിയാണ്.നിസ്വാര്‍ത്ഥരായ പന്തീരുകുലക്കാര്‍ മനുഷ്യ ജന്‍മമെടുത്ത ദൈവജ്ഞരായിരുന്നു. ഇത് മലയാളക്കരയുടെ പഴം പെരുമ.



അത്രത്തോളമൊന്നും നമുക്ക് ഉയരാന്‍ സാധിച്ചെന്ന് വരില്ല. മനുഷ്യ ജന്‍മം സാര്‍ത്ഥകമാകണമെങ്കില്‍ ചില ത്യാഗങ്ങളൊക്കെ നമുക്ക് ചെയ്യാന്‍ കഴിയണം. ദൈവജ്ഞരായില്ലെങ്കിലും മനുഷ്യരാവുക എന്ന സന്ദേശമാണ് എം.ടി തരുന്നത്.



വിവേക പൂര്‍ണ്ണമായ പെരുമാറ്റം മനുഷ്യന് മാത്രം കഴിയുന്ന ഒന്നാണ്. മനുഷ്യ നന്‍മകള്‍ ക്ഷയിക്കുമ്പോള്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാകുന്നു.



ഇങ്ങനെ എത്ര വേണമെങ്കിലും എം.ടി. യുടെ കഥകളില്‍ നിന്ന് നമുക്ക് വ്യവച്ഛേദിച്ചെടുക്കാന്‍ കഴിയും. മാത്രവുമല്ല, എം.ടി. എഴുതുന്ന വാക്കുകളുടെ മൂര്‍ച്ഛ എത്രത്തോളമെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. മനസ്സിനെ അലോസരപ്പെടുത്തുന്ന വാക്കുകള്‍. മരണവുമായി മല്ലിടുന്ന മകളോടുള്ള നാരായണിയുടെ പ്രതികരണം നോക്കുക. ' തീരുന്നെങ്കില്‍ തീരട്ടെ'



ആദ്യം നമുക്ക് തോന്നും പെറ്റ തള്ളക്ക് ഇങ്ങനെ പറയാന്‍ കഴിയുമോ? ഒരമ്മക്കും ഇങ്ങനെ പറയാന്‍ പറ്റില്ലെന്ന് നമുക്കൊക്കെ അറിയാം. പെറ്റ വയറെ പതക്കൂ എന്നൊന്നില്ലേ.



പിന്നെ നാരായണി എന്തുകൊണ്ട് ഇത്തരത്തില്‍ പ്രതികരിച്ചു എന്ന് നാം ആലോചിക്കേണ്ടതാണ്



സമൂഹത്തിനൊന്നടങ്കമുള്ള നാരായണിയുടെ പുച്ഛമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. സഹതപിക്കുവാന്‍ എത്തുന്നവരോട് അത് വേണ്ട എന്നു തന്നെയാണ് നാരായണി ഉറക്കെ പറയാന്‍ ശ്രമിക്കുന്നതും.

No comments:

Post a Comment